വാരാണസി: നാലു പതിറ്റാണ്ടോളം ഇന്ത്യയുടെ സുരക്ഷാ, ക്രമസമാധാന, ഭരണരംഗങ്ങളിൽ പ്രവർത്തിച്ച മുൻ സിബിഐ ഡയറക്ടർ എം. നാഗേശ്വര റാവു പുതിയ രാഷ്ട്രീയ പാർട്ടിയായ 'സർവജന സനാതൻ പാർട്ടി'യുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. കാശിയുടെ പുണ്യഭൂമിയിൽ നിന്നാണ് അദ്ദേഹം തന്റെ പൊതുജീവിതത്തിലെ പുതിയ അധ്യായം പ്രഖ്യാപിച്ചത്. കേവലം ഭരണപരമായ പരിഷ്കാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ പുനർനിർമാണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക വികസനത്തിലേക്ക് മുന്നേറുമ്പോൾ തന്നെ ഇന്ത്യ അതിന്റെ സാംസ്കാരികവേരുകളിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സർവജന സനാതൻ പാർട്ടിയുടെ കാഴ്ചപ്പാടിൽ സനാതനം എന്നാൽ കേവലം ആരാധനാക്രമം മാത്രമല്ലെന്നും, സത്യം, ധർമം, കരുണ, നീതി, പ്രകൃതി, കുടുംബം, സമൂഹം എന്നിവയിലൂന്നിയ ജീവിതവീക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, സാംസ്കാരികമായ തിരിച്ചുവരവ് എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് പാർട്ടിയുടെ കാഴ്ചപ്പാട് അധിഷ്ഠിതമായിരിക്കുന്നത്.
ആധുനിക വിദ്യാഭ്യാസത്തിനൊപ്പം ഭാരതീയ സംസ്കാരവും ചരിത്രവും കോർത്തിണക്കുക, ആധുനിക വൈദ്യശാസ്ത്രവും ഭാരതീയ ആരോഗ്യ സമ്പ്രദായങ്ങളും സമന്വയിപ്പിച്ച് ഗുണനിലവാരമുള്ള ആരോഗ്യം ഉറപ്പാക്കുക, യുവാക്കൾക്കും കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും മാന്യമായ ഉപജീവനമാർഗം നൽകുക, ക്ഷേത്രങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും സജീവ കേന്ദ്രങ്ങളായി സംരക്ഷിക്കുക എന്നിവയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സനാതനം എന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് ചിഹ്നമായി കാണേണ്ടതല്ലെന്നും മറിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, സംസ്കാരം എന്നിവയിലെല്ലാം അതിന്റെ മൂല്യങ്ങൾ പ്രതിഫലിക്കണമെന്നും നാഗേശ്വര റാവു വ്യക്തമാക്കി. പാർട്ടി ആർക്കെങ്കിലും എതിരല്ലെന്നും, ജാതികളുടെയോ സമൂഹങ്ങളുടെയോ അടിസ്ഥാനത്തിൽ ഭിന്നത ഉണ്ടാക്കാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനികതയും സംസ്കാരിക വേരുകളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇന്ത്യയുടെ ലക്ഷ്യമാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
കാശിയിൽ നടന്ന ചടങ്ങിൽ സർവജന സനാതൻ പാർട്ടി ദേശീയ ഉപാധ്യക്ഷൻ മഹന്ത് തീർത്താനന്ദ്, ഉപാധ്യക്ഷ റിതു റാത്തോഡ്, ജനറൽ സെക്രട്ടറി രാജാ സക്ഷം സിംഗ് യോഗി, വക്താവ് ബബിത ശർമ, ഉത്തർപ്രദേശ് ചുമതലക്കാരൻ രാകേഷ് തിവാരി, സംഘടനാ മന്ത്രി നർനാരായണ സിംഗ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.